തക്കാളിയ്ക്ക് തീവിലയായി ഉയരുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ പറമ്പില്‍ കുറച്ച് തക്കാളി കൃഷി ചെയ്യാതിരുന്നത് വലിയ തെറ്റായി തോന്നുന്നു.
അളിയന്റെ ഈ ഗദ്ഗദത്തെ ബ്ലോക്ക് ചെയ്തുകൊണ്ട് ചേച്ചി പറഞ്ഞു.
അല്ലയോ മാനവ പുത്രാ.. അങ്ങെന്താണ് ഈ പുലമ്പിയത്..? അയല്‍പക്കങ്ങളില്‍ നിന്നും കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഞാനൊരു കുഞ്ഞിക്കാലിനു വേണ്ടി കരഞ്ഞു പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ ചെവിക്കൊള്ളാത്ത ദുഷ്ടാ.. അങ്ങേയ്ക്ക് നഷ്ടബോധത്തിന്റെ വിലയറിയാന്‍ പോകുന്നതേയുള്ളൂ.
അതുകേട്ടതും അളിയന്‍ പറഞ്ഞു.
എടീ.. നീയൊരു കാര്യം മനസ്സിലാക്കണം. നമ്മള്‍ പറയുന്ന വിഷയം എന്താണെന്ന്‍ അറിഞ്ഞുകൊണ്ട് സംസാരിയ്ക്കണം. തക്കാളിയും കുഞ്ഞിക്കാലും തമ്മില്‍ എന്താണ് ബന്ധം..? തക്കാളി എന്നത് പച്ചക്കറിയാണ്. അതുകൊണ്ട് പച്ചക്കറിയെന്ന വിഷയത്തെക്കുറിച്ച് പറയുക.. അതില്‍ നിന്നും വ്യതിചലിച്ച് അതികാലത്തു തന്നെ എന്നെക്കൊണ്ട് നീ പച്ചത്തെറി വിളിപ്പിയ്ക്കരുത്.
പെട്ടന്ന്‍ കയറിയ കലിപ്പിനെ പാടുപെട്ട് അടക്കികൊണ്ട് ചേച്ചി പറഞ്ഞു.
പച്ചക്കറി വിഷയമാക്കി ഒരു കാര്യം ഞാന്‍ പറയാം. ശ്രദ്ധിച്ചു കേട്ടോളണേ.. ഇക്കഴിഞ്ഞ തിരുവോണ നാളില്‍ അമ്മ വാങ്ങിത്തന്ന സാരിയുടെ അടുത്ത് വാഴയില ചുരുട്ടിവെച്ചതിനാല്‍ അല്‍പം കറ പുരണ്ടു. ഓണപ്പുടവ കൊണ്ട് തന്നെ വിഷുവും ആഘോഷിയ്ക്കണമെന്ന നിങ്ങടെ അജണ്ടയ്ക്ക് മുന്നില്‍ കറ മറച്ച് അതേ സെറ്റ് സാരി ഞാന്‍ ഉടുക്കുകയുണ്ടായി. ഇനി ഈ വരുന്ന ഓണത്തിന് പ്രസ്തുത സാരിയ്ക്ക് പകരം മറ്റൊരു സാരി വാങ്ങിത്തരുവാന്‍ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു. വാഴയില എന്നത് പച്ചക്കറിയാണ്.
ചേച്ചി പറഞ്ഞു തീരുമ്പോള്‍ ഇരുകാതുകളും പൊത്തിപ്പിടിച്ചു നിന്ന അളിയന്‍ ചേച്ചി വാ അടച്ചെന്ന്‍ കണ്ടതും കൈമാറ്റിക്കൊണ്ട് പറഞ്ഞു.
എട്യേ.. നാലായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ടാമത്തെ തവണയാണ് നീ വാഴക്കറ കഥ പറയുന്നത്. ഓണത്തിന്റെ ഓഫര്‍ വരാതെ ഞാന്‍ സാരി വാങ്ങിത്തരാന്‍ ഉദ്ദേശിയ്ക്കുന്നില്ല.
ചേച്ചി മോന്തായം വീര്‍പ്പിച്ച് അടുക്കളയിലേയ്ക്ക് നീങ്ങി. വീര്‍പ്പിച്ച മോന്തായം റിലീസാക്കാന്‍ വേണ്ടി അടുക്കളയിലേയ്ക്ക് എത്തിയ അളിയന്‍ പറഞ്ഞു.
എടീ.. നിനക്ക് ഞാനൊരു സര്‍പ്രൈസ് ഗിഫ്റ്റായി അടുത്തമാസം ഒരു സാരി വാങ്ങിത്തരാനിരുന്നതാ... അത് നീ മുഖം വീര്‍പ്പിച്ച് നശിപ്പിച്ചു. ഓണത്തിന് വേറേം എടുത്തു തരാം.
അതുകേട്ടയുടനെ ഏറെ സന്തോഷവതിയായ ചേച്ചി പറഞ്ഞു.
മനുഷ്യാ.. സന്തോഷമായി.. ഒരുപാട് സന്തോഷമായി. എന്തിനാണെന്നോ.. എനിയ്ക്ക് രണ്ട് സാരി കിട്ടും എന്ന സന്തോഷമല്ല ചേട്ടാ.. നിങ്ങള് തുടങ്ങി വെച്ച പച്ചക്കറി സബ്ജക്റ്റിലേയ്ക്ക് നിങ്ങള്‍ തിരിച്ചുവന്നല്ലോ എന്ന സന്തോഷം..!
പച്ചക്കറിയും സാരിയും തമ്മിലെന്ത് ബന്ധം..?
അളിയന്റെ മുഖത്തെ ആ ചോദ്യഭാവം കണ്ട ചേച്ചി പറഞ്ഞു.
ചേട്ടോ.. വല്ലാതങ്ങ് ചിന്തിയ്ക്കണ്ട. ചേട്ടന്‍ വര്‍ഷാവര്‍ഷം തരുന്ന സാരിയെന്ന പാലിയ്ക്കാത്ത വാഗ്ദാനം പുഴുക്കുത്തുള്ള നശിച്ച പച്ചക്കറി വിത്തിനു തുല്യമാണ്. ആ വിത്താണ് ഏറെ വളക്കൂറുള്ള എന്റെ മനസ്സാകുന്ന മണ്ണില്‍ നിങ്ങള്‍ സന്തോഷത്തോടെ പാകിയത്. അതൊരിയ്ക്കലും മുളക്കുകയില്ല എന്ന തികഞ്ഞ വിശ്വാസത്തോടെ ഞാനതിന് വളവും വെള്ളവും നല്‍കുന്ന പോലെ ആഹ്ലാദം പ്രകടിപ്പിച്ച് നിങ്ങളെ സന്തോഷിപ്പിച്ചു.
ചേച്ചി പറഞ്ഞു തീരുമ്പോഴേയ്ക്കും അല്‍പം മുന്നെ ചേച്ചിയുടെ മോന്തായത്തിലുണ്ടായിരുന്ന വീര്‍പ്പ് അളിയന്റെ മോന്തായത്തിലേയ്ക്ക് കുടിയേറി. അതുകണ്ട ചേച്ചി പറഞ്ഞു.
മനുഷ്യാ.. നിങ്ങള് വിഷമിയ്ക്കണ്ട. ഞങ്ങള്‍ ഭാര്യമാര്‍ക്ക് ഒന്നും എടുത്ത് തന്നില്ലെങ്കിലും നിങ്ങളിപ്പൊ തന്ന മോഹന സുന്ദര വാഗ്ദാനങ്ങള്‍ സ്നേഹത്തോടെ നല്‍കുമ്പോള്‍ അതിലൂടെ സ്വപ്നം കണ്ട് ഞാനാകുന്ന ഒത്തിരി ഭാര്യമാര്‍ സന്തോഷിയ്ക്കുന്നുണ്ട്. ഒരിയ്ക്കലും നടക്കില്ലെന്ന്‍ അറിയാമെങ്കിലും കെട്ട്യോന്റെ നാക്കില്‍ നിന്നും അങ്ങിനെ കേള്‍ക്കുന്നത് ഞങ്ങളുടെ സ്വകാര്യ അഹങ്കാര സന്തോഷമാണ്. ഇതൊന്നും കെട്ടിയ താലി ഊരി വരന്റെ കയ്യില്‍ കൊടുത്ത് കതിര്‍മണ്ഡപത്തില്‍ നിന്നും കാമുകനോടൊപ്പം ഇറങ്ങുന്ന ഇന്നിന്റെ പെണ്‍ജന്മങ്ങള്‍ക്ക് അറിയില്ല.
ചേച്ചിയുടെ പ്രഭാഷണം പത്രവായനയുമായ് ബന്ധിച്ച് അങ്ങ് നീണ്ടു.
ഈ സമയം അടുക്കളയില്‍ നിന്നും വിടവാങ്ങി സിറ്റൗട്ടില്‍ പൊങ്ങിയ അളിയന്‍ സ്വയം പറഞ്ഞു.
ഹോ.. സമാധാനമായി.. ഇന്ന്‍ കയറിവന്ന വഴക്കിനെ സന്ദേശത്തിന്റെ തിരശ്ശീലയിട്ട് അവള്‍ തന്നെ ഒതുക്കിത്തീര്‍ത്തു.
ആ ഡയലോഗ് അവസാനിച്ചതും തൊട്ടുപിന്നില്‍ നിന്ന്‍ ചേച്ചി പറഞ്ഞു.
അല്ലയോ കെട്ട്യോനേ.. ഞാന്‍ മോന്തായം വീര്‍പ്പിച്ചാല്‍ അങ്ങ് വാഗ്ദാനം ചൊല്ലി എന്റെ പിറകെ വരുമെന്ന്‍ അറിയാവുന്നതുകൊണ്ട് അടുക്കളയിലേയ്ക്ക് കടന്നതും ഞാന്‍ മൊബൈലില്‍ വോയ്സ് റെക്കോര്‍ഡ് ഓണ്‍ ചെയ്തു വെച്ചിരുന്നു. അതുകൊണ്ട് ഇനി ആരു പറഞ്ഞു..? എപ്പൊ പറഞ്ഞു..? എന്ന്‍ ചോദിച്ച് നിങ്ങള്‍ക്കെന്നെ കണ്ണുരുട്ടി പേടിപ്പിയ്ക്കാനാവില്ല. ഞാനടക്കമുള്ള സകല ഭാര്യമാരും ഇത്തരം വാഗ്ദാനം കേട്ട് മതിമറന്ന്‍ സന്തോഷിയ്ക്കുന്ന നിമിഷം ഇങ്ങനെയൊരു മൊബൈല്‍ കയ്യില്‍ ഉണ്ടാവാറില്ല. ഉണ്ടായിരുന്നേല്‍..!!
ബാക്കി കേള്‍ക്കും മുന്നെ അളിയന്‍ പടിയിറങ്ങി എങ്ങാണ്ടോ ഓടി..!
**************************
അബ്ദുള്‍മജീദ്. പി.എ.
വള്ളത്തോള്‍ നഗര്‍.
**************************
No comments:
Post a Comment