തൊഴുപ്പാടത്തെ മാമിയുടെ മകന്‍ സാബു കയ്യിലൊരു കവറും തൂക്കി അളിയന്റെ വീട്ടിലേയ്ക്ക് വന്നെത്തി. സിറ്റൗട്ടിലിരുന്ന്‍ പത്രം കൊണ്ട് മുഖം മറച്ച് ചാച്ചുന്ന അളിയനെ തട്ടിവിളിച്ചു കൊണ്ട് സാബു വളിച്ച ഒരു ചിരി പാസ്സാക്കി. പ്രവാസിയായ സാബു ലീവില്‍ വരുന്നതും തിരിച്ചു പോകുന്നതും കേട്ടറിയാന്‍ മാത്രം വിധിയ്ക്കപ്പെട്ട അളിയനു മുന്നില്‍ സാബു പ്രത്യക്ഷപ്പെട്ടപ്പോള്‍ അളിയന് ശരിയ്ക്കും വിശ്വസിയ്ക്കാനായില്ല. സ്വപ്നമല്ല ഇത് യാഥാര്‍ത്ഥ്യമോ എന്നറിയാനായി അളിയന്‍ സ്വയം കരണത്തടിച്ചതും അകത്തു നിന്നും സിറ്റൗട്ടിലേയ്ക്ക് കടന്ന്‍ വന്ന ചേച്ചി മഹാത്ഭുതം കണ്ടപോലെ ആശ്ചര്യ ചിഹ്നങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ചോദിച്ചു.
സാബൂ.. നീ പട്ടിയെ കണ്ട് പേടിച്ച് ഓടിക്കയറിയതോ അതോ സ്വന്തം ഇഷ്ടപ്രകാരം കയറിയതോ..? എന്തായാലും ഒന്ന്‍ കാണാന്‍ പറ്റിയല്ലോ..
ആ ഡയലോഗിന്നിടെ ചേച്ചി സാബു മടിയില്‍ ചുരുട്ടി വെച്ച കവറിലേയ്ക്കൊന്നു നോക്കി. അക വശം വ്യക്തമായികാണുന്ന കവറിനുള്ളില്‍ ക്ലിയോപാട്ര സോപ്പ് രണ്ടെണ്ണം, സണ്‍ സില്‍ക്കിന്റെ ഷാമ്പു ഒരെണ്ണം, ജെര്‍ജെന്‍സ് ബോഡി ക്രീം, ഹിമാലയുടെ ഫേസ് ക്രീം, സ്നിക്കേര്‍സ് മിഠായി ഫാമിലി പാക്കറ്റ്, ടൈഗര്‍ ബാം രണ്ട്, വാസ് ലിന്‍ ക്രീം ഒന്ന്‍, അതിനൊപ്പം ജില്ലറ്റിന്റെ ന്യൂ ഫ്യൂഷന്‍ ഒരു ഷേവിങ് സെറ്റും. അത്രയും കണ്ടപ്പോഴേയ്ക്കും ചേച്ചി ഒരു കാര്യം നിശ്ചയിച്ചു. ഷേവിങ് സെറ്റും സ്നിക്കേഴ്സ് മിഠായിയും ചേട്ടനു കൊടുത്ത് ബാക്കിയെല്ലാം എനിയ്ക്ക് സ്വന്തം. ഇതിന്നിടയില്‍ ചേച്ചിയ്ക്ക് ശ്രദ്ധിയ്ക്കാനായില്ലെങ്കിലും സാബു പറഞ്ഞു.
ചേച്ചീ.. പട്ടി ഓടിച്ചിട്ട് അബദ്ധത്തില്‍ കയറിയതല്ല. ഞാന്‍ സ്വയബോധത്തില്‍ തന്നെ കയറി വന്നതാണ്. ചേട്ടനെ കണ്ട് ചില കാര്യങ്ങള്‍ സംസാരിയ്ക്കാന്‍ വേണ്ടി മാത്രം.
അതെന്ത് കാര്യങ്ങള്‍..? എന്ന ചോദ്യ ഭാവത്താല്‍ അളിയന്‍ സാബുവിന്റെ മുഖത്തേയ്ക്ക് നോക്കും മുന്നെ സാബുവിന്റെ കയ്യിലെ കവറിലേയ്ക്ക് നാലഞ്ചു തവണ കൈ നീട്ടി. അളിയന്റെ കൈ തട്ടി മാറ്റിക്കൊണ്ട് സാബു പറഞ്ഞു.
ചേട്ടോ.. പുതിയ വിസയൊന്നും കിട്ടാനില്ല. എന്നാലും ഞാന്‍ ചേട്ടനു വേണ്ടി പരമാവധി ശ്രമിയ്ക്കാം. അതിന് ആദ്യം വേണ്ടത് ചേട്ടന്റെ ഈ മടിയൊക്കെ മാറ്റി ഒന്ന്‍ ഉഷാറാവാന്‍ ശ്രമിയ്ക്കണം.
സാബുവിന്റെ ഉപദേശത്തിന് വിഘ്നമേല്‍പ്പിയ്ക്കും വിധം ചേച്ചി ചായയും പലഹാരങ്ങളുമായി സിറ്റൗട്ടിലെത്തി. സാബു പലഹാരത്തിലേയ്ക്ക് കൈ നീട്ടുമ്പോള്‍ ചേച്ചി സാബുവിന്റെ കവറിലേയ്ക്ക് കൈ നീട്ടി. സാബു അത് മൈന്റ് ചെയ്യാതെ അളിയനോട് തുടര്‍ന്നു.
ചേട്ടോ.. മടി മാറാന്‍ ആദ്യം വേണ്ടത് നല്ല വ്യായാമമാണ്. കാലത്ത് എഴുന്നേറ്റ് അല്‍പ നേരം ഓടണം. ചേട്ടനറിയോ.. ഗള്‍ഫില്‍ ഞാന്‍ അഞ്ചു വെളുപ്പിന് എഴുന്നേറ്റ് ഹൈവേയുടെ സൈഡിലൂടെ നാലു നാലര കിലോമീറ്റര്‍ ഓടും. ആ ഓട്ടത്തിന്നിടെ പലവട്ടം ഓവര്‍ സ്പീഡ് ചെക്ക് ചെയ്യാനായി സ്ഥാപിച്ച ട്രാഫിക്ക് ക്യാമറകള്‍ എന്റെ ഫോട്ടോ എടുത്തിട്ടുണ്ട്.. അത്രയ്ക്കും വേഗതയിലാ ഞാന്‍ ഓടുന്നത്.
സാബു പറയുന്നതിന്നിടയില്‍ കയറി എടാ സാബൂ.. അഞ്ചു വെളുപ്പിന് നീ ഹൈവേയുടെ ഓരം ചേര്‍ന്ന്‍ ഓടുന്നതെന്തിനാ..? നീ താമസിയ്ക്കുന്നിടത്ത് കക്കൂസില്ലേ..? എന്നൊരു ചോദ്യം കയ്യില്‍ ചുരുട്ടിപ്പിടിച്ച കവറിനോടുള്ള ആദര സൂചകമയി വിഴുങ്ങിക്കൊണ്ട് അളിയന്‍ പറഞ്ഞു.
സാബൂ.. എന്നെക്കൊണ്ട് ഇതൊന്നും ചെയ്യാന്‍ ഇവള് സമ്മതിയ്ക്കില്ല. കാലത്തെഴുന്നേറ്റ് മുറിയില്‍ നിന്നും പുറത്തിറങ്ങി ഞെളിഞ്ഞ് പിരിഞ്ഞ് അന്തസ്സായി ഒരു കോട്ടുവാ ഉതിര്‍ക്കും മുന്നെ ഇവള് പറയും ചേട്ടോ.. വേഗം പല്ലു തേച്ചാട്ടേ.. പല്ലു തേച്ച ബ്രഷ് എടുത്തു വെയ്ക്കും മുന്നെ കാപ്പി കുടിച്ചാട്ടേ.. എന്ന്‍ പറഞ്ഞ് നിര്‍ബന്ധിയ്ക്കും. പിന്നെ ഞാന്‍ എങ്ങോട്ട് ഓടാനാ...? ഇനി അഥവാ ഈ പഞ്ചായത്ത് റോഡിലൂടെ ഓടിയാല്‍ തന്നെ നിന്നേപ്പോലെ ക്യാമറ മിന്നി ഫൈന്‍ അടയ്ക്കേണ്ടി വരില്ല. പകരം പൊക്കിളിനു ചുറ്റും എംബ്രോയ്ഡറി വര്‍ക്ക് ചെയ്യേണ്ടി വരും. ഇന്നാട്ടിലിപ്പൊ പട്ടിയും ഈച്ചയും കൊതുകും എണ്ണത്തിലും ഗുണത്തിലും തുല്യരാണ്.
അളിയന്‍ തന്നെ കുറ്റം ചാര്‍ത്തി രക്ഷപ്പെടുവാനുള്ള ഉദ്ദേശമാണെന്ന്‍ മനസ്സിലാക്കിയ ചേച്ചി ഉള്ള സത്യം തുറന്ന്‍ പറഞ്ഞു.
സാബൂ.. ഞാന്‍ ഇങ്ങേരെ ഓടാന്‍ സമ്മതിയ്ക്കാത്തത് എന്താന്ന്‍ അറിയോ..? കാലത്ത് പതിനൊന്ന്‍ മണിയ്ക്ക് എഴുന്നേറ്റ് വരുന്ന ഈ മനുഷ്യന്‍ കാപ്പി കുടിച്ച് പാത്രങ്ങള്‍ കഴുകി വെച്ചിട്ട് വേണം ഇവിടെയൊക്കെ തൂത്ത് വാരി ഉച്ചയൂണ് തയ്യാറാക്കാന്‍.
ചേച്ചിയുടെ കുറ്റപ്പെടുത്തലിനെ തടസ്സപ്പെടുത്തിക്കൊണ്ട് അളിയന്‍ പറഞ്ഞു.
ഉച്ചയൂണ് എന്ന്‍ പറഞ്ഞപ്പോഴാ ഓര്‍ത്തത്.. സാബൂ നീ ഉണ്ടിട്ട് പോയാല്‍ മതി.
അത്രയും പറഞ്ഞ അളിയന്‍ എടീ നീ വേഗം പോയി ഊണ് തയ്യാറാക്കെടീ.. എന്ന ഭാവത്താല്‍ ചേച്ചിയെ നോക്കി.
ഊണ് തയ്യാറാക്കാനായി അടുക്കളയിലേയ്ക്കോടിയ ചേച്ചി ചിന്തിച്ചു. സാബു സാധനങ്ങള്‍ കൊണ്ടുവന്ന്‍ തരുന്നത് ആരെയെങ്കിലും ലൈവായി കാണിച്ചില്ലെങ്കില്‍ അത് വല്ലാതെ മോശമായി പോവില്ലേ. സാബൂന്റെ കയ്യില്‍ നിന്നും ആ കവര്‍ അളിയന്‍ കൈലാക്കും മുന്നെ ചേച്ചി ഫോണെടുത്ത് അയല്‍ക്കാരി ശാന്തേടത്തിയ്ക്ക് വിളിച്ചു കൊണ്ട് പറഞ്ഞു.
ശാന്തേടത്ത്യേ.. ഒന്ന്‍ വേഗമിങ്ങ് വന്നേ... എന്റെ കണ്ണിലെന്തോ കരട് പെട്ടു. കണ്ണ്‍ ഭയങ്കര നീറ്റലുണ്ട്.
ശാന്തേടത്തി ഫോണ്‍ കട്ടാക്കി. ഈ സമയം അളിയന്റെ മടി മാറ്റാനുള്ള ഉപദേശം കഴിഞ്ഞ സാബു ഒരു കിടുക്കന്‍ ഡയലോഗ് കാച്ചി.
ചേട്ടോ... ഇതു പോലെ ഞാന്‍ ഉപദേശിച്ച് മാറ്റിയെടുത്ത് അദ്ധ്വാനിയ്ക്കുന്ന ഒരു ചെറുപ്പക്കാരനാക്കി മാറ്റിയ വടക്കേപുരയില്‍ സദാശിവന്‍ എന്റെ കൂടെയാ ജോലി ചെയ്യുന്നത്. ഇതാ ഇതു കണ്ടോ.. ഈ സാധനങ്ങള്‍ അവന്‍ അവന്റെ വീട്ടില്‍ കൊടുക്കാന്‍ വേണ്ടി എന്റെ കയ്യില്‍ തന്നു വിട്ടതാ..
അതു കേട്ടതും അളിയന്‍ ഗര്‍ജ്ജിച്ചു..
എഴുന്നേല്‍ക്കെടാ നാറീ... എടീ അടുക്കള പൂട്ടെടീ.. ഗള്‍ഫിന്റെ നാല് ഉണക്ക സാധനങ്ങള്‍ കാട്ടി ഞങ്ങളെ കൊതിപ്പിയ്ക്കാന്‍ വന്ന നാറി.. ഇറങ്ങിപോടാ.. അന്തരിച്ചു പോയ നിന്റെ പിതാവിനെ ഉപദേശിച്ച് നിന്റെ കൂടെ ജോലിയ്ക്ക് നിര്‍ത്തിയാല്‍ മതിയെടാ..
ബാക്കി കേള്‍ക്കും മുന്നെ സാബു കവറും തൂക്കിപ്പിടിച്ച് മുറ്റത്തേയ്ക്കിറങ്ങി. സാബു ഗേറ്റിലേയ്ക്ക് എത്തും മുന്നെ ഗേറ്റ് കടന്ന്‍ എഴുന്നെള്ളിയ ശാന്തേടത്തി കാര്യകാരണങ്ങള്‍ ഒന്നും അറിയാതെത്തന്നെ അളിയനോടായി പറഞ്ഞു.
എടാ ബോധമില്ലാത്തവനേ.. വീട്ടില്‍ വന്നു കയറിയവനെ അസഭ്യം പറയാതെടാ.. മാന്യമായ രീതിയില്‍ പറഞ്ഞു വിടാന്‍ ശ്രമിയ്ക്കെടാ.. നീയൊക്കെ ഇനി എന്നു നന്നാവാനാ..?
ശാന്തേടത്തി ബാക്കി പറയുവാന്‍ വാ പൊളിയ്ക്കും മുന്നെ സാബു തന്റെ കവറില്‍ കയ്യിട്ട് സ്നിക്കേഴ്സ് മിഠായിയുടെ ഫാമിലി പാക്കെടുത്ത് പൊളിച്ച് അതില്‍ നിന്നും ഒരു മിഠായിയെടുത്ത് ശാന്തേടത്തിയ്ക്ക് നല്‍കിക്കൊണ്ട് ഒന്നും മിണ്ടാതെ വടക്കോട്ട് പാഞ്ഞു.
ശാന്തേടത്തി ആ മിഠായി വായിലിട്ട് നുണഞ്ഞു കൊണ്ട് സിറ്റൗട്ടിന്നരികിലെത്തി ചേച്ചിയോട് ചോദിച്ചു.
എട്യേ.. നിന്റെ കണ്ണിന് എന്താ പറ്റീത്..?
ചേച്ചി ഏറെ സങ്കടത്തോടെ ഉമ്മറത്തേയ്ക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.
ശാന്തേടത്ത്യേ.. എന്റെ കണ്ണില്‍ പോയ കരടിനേയാ ചേട്ടനിപ്പൊ ആട്ടിയിറക്കി ഓടിച്ചുവിട്ടത്..!
**************************
അബ്ദുള്‍മജീദ്.പി.എ.
വള്ളത്തോള്‍ നഗര്‍
*************************
Harrah's Cherokee Casino & Hotel - Mapyro
ReplyDeleteA map 아산 출장샵 showing Harrah's Cherokee 춘천 출장샵 Casino 나주 출장샵 & Hotel, located in Murphy at 777 Casino 전라북도 출장안마 Center Dr, 춘천 출장샵 Murphy, NC 28906, United States.